തിരഞ്ഞെടുപ്പുഫലം സി.പി.എമ്മിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ തദ്ദേശതിരഞ്ഞെടുപ്പിലും ചരിത്രത്തിലെ വലിയ തിരിച്ചടി നേരിട്ട പാര്‍ട്ടിക്ക് പരാജയ കാരണം അണികളോട് വിശദീകരിക്കേണ്ടതുണ്ട്.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് വിരലിലെണ്ണാവുന്ന പാര്‍ട്ടിനേതാക്കള്‍ മാത്രമാണെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള ആയിരക്കണക്കിന് നേതാക്കളാണ് പരാജയം രുചിച്ചിരിക്കുന്നത്. മുന്‍കാലത്തെ തിരഞ്ഞെടുപ്പു പരാജയങ്ങളുടെ അപഗ്രഥനം പാര്‍ട്ടി സംസ്ഥാന, ജില്ലാ ഘടകങ്ങളിലാണ് അരങ്ങേറിയതെങ്കില്‍ ഇത്തവണ എല്ലാ ഘടകങ്ങളിലും അതുവേണ്ടിവരും.
തിരഞ്ഞെടുപ്പുഫലം സി.പി.എമ്മിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുവെന്നതാണ് സത്യം. എട്ട്-ഒന്‍പത്ജില്ലാപഞ്ചായത്തുകളില്‍ മുന്നണി അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ വ്യക്തമായ മുന്‍തൂക്കവും ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളില്‍ 60 ശതമാനത്തിലധികം വിജയവുമാണ് സി.പി.എം സംസ്ഥാന നേതൃത്വം കണക്കുകൂട്ടിയിരുന്നത്. തിരഞ്ഞെടുപ്പുഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് നേതാക്കള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചതും ഇതിന്റെ ബലത്തിലാണ്.
മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പുഫലം സംബന്ധിച്ച് സി.പി.എം. പാര്‍ട്ടി തലത്തില്‍ നടത്തുന്ന കണക്കെടുപ്പുകള്‍ ഏറെക്കുറെ സൂക്ഷ്മവും കൃത്യവുമായിരുന്നു. എന്നാല്‍ ഇത്തവണ അതു പാളിയതില്‍ സി.പി.എം. നേതാക്കളില്‍ ചിലരെങ്കിലും അദ്ഭുതപ്പെടുകയാണ്. കൃത്യമായ വിലയിരുത്തല്‍ നടത്തുന്നതിനു പകരം പാര്‍ട്ടി നേതൃത്വത്തിനു സന്തോഷകരമാകുന്ന വിലയിരുത്തലുകള്‍ മേല്‍ഘടകങ്ങള്‍ക്കു സമര്‍പ്പിച്ചതുകൊണ്ടാണ് ഈ സ്ഥിതിയുണ്ടായതെന്നുതന്നെ കരുതണം.പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവോയെന്നതു സംബന്ധിച്ച് സംശയങ്ങളും ഉയര്‍ന്നിട്ടുണ്ട്.
70 സീറ്റുകള്‍ പ്രതീക്ഷിച്ച തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ഭരണം നിലനിര്‍ത്തിയത്. ഇത് സി.പി.എം. ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ജില്ലാനേതൃത്വം പരിഗണിച്ച രണ്ടു പ്രമുഖ നേതാക്കള്‍ പരാജയപ്പെട്ടതിനു പിന്നില്‍ വിഭാഗീയതയുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
No comments:
Post a Comment