ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ വിവരമറിയിക്കുക. ആ കാര്‍ഡ് ഉപയോഗിച്ച് മറ്റുള്ളവര്‍ ഇടപാടു നടത്തുന്നത് തടയാന്‍ ഇത് സഹായിക്കും. കമ്പനിയെ അറിയിച്ചതിനു ശേഷം ആരെങ്കിലും ആ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയോ ഷോപ്പിങ് നടത്തുകയോ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്വം നമുക്കില്ല.
2. പഴയ കാര്‍ഡിന് പകരം പുതിയ കാര്‍ഡ് എടുക്കുന്ന അവസരങ്ങളില്‍ പഴയ കാര്‍ഡ് നശിപ്പിച്ചു കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ നമ്മള്‍ അറിയാതെ അത് ഉപയോഗിച്ച് ആരെങ്കിലും ഇടപാട് നടത്താന്‍ സാധ്യതയുണ്ട്.
3. ക്രെഡിറ്റ് കാര്‍ഡ് എപ്പോഴും ഭദ്രമായി സൂക്ഷിക്കുക. താത്ക്കാലികമായി പോലും അത് മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
4. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ ഇടയ്ക്കിടെ പുതിയ ഓഫറുകള്‍ വാഗ്ദാനം ചെയ്യും. നമുക്ക് ആവശ്യമുണ്ടെങ്കില്‍ മാത്രം അത് തിരഞ്ഞെടുക്കുക. അത്തരം ഓഫറുകള്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനി നല്‍കുന്നതു തന്നെയാണോ എന്ന് ഉറപ്പാക്കുന്നതും നല്ലതാണ്.
5. ഇടയ്ക്കിടെ പിന്‍ (രഹസ്യ കോഡ്) മാറ്റുക. പിറന്നാള്‍ ദിനം, വിവാഹ ദിനം, സ്വന്തം വാഹനത്തിന്റെ നമ്പര്‍ തുടങ്ങി മറ്റുള്ളവര്‍ക്ക് എളുപ്പം കണ്ടുപിടിക്കാന്‍ കഴിയുന്ന അക്കങ്ങള്‍ പിന്‍ നമ്പരിന് തിരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
6. ഏതെങ്കിലും മാസം ക്രെഡിറ്റ് സ്റ്റേറ്റ്‌മെന്റ് കിട്ടിയില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയില്‍ ഉടന്‍ ആരായുക.
7. ബ്ലാക് മാഗ്നെറ്റിക് സ്ട്രിപ്പ് ഉള്ള ക്രെഡിറ്റ് കാര്‍ഡിനെക്കാള്‍ സുരക്ഷിതം ചിപ് അധിഷ്ഠിത ക്രെഡിറ്റ് കാര്‍ഡുകളാണ്. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് വാങ്ങുമ്പോള്‍ ചിപ് അധിഷ്ഠിത കാര്‍ഡുകള്‍ തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
8. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ കാര്യമായി ശ്രദ്ധിക്കണം. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ സിവിവി നമ്പര്‍ നല്‍കേണ്ടതുള്ളതിനാലാണിത്.
9. ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ സുരക്ഷിതമായ വെബ്‌സൈറ്റാണ് ഉപയോഗിക്കുന്നതെന്ന് നോക്കണം. വെബ്‌സൈറ്റ് വെരിസൈന്‍ (VeriSign) സര്‍ട്ടിഫൈ ചെയ്തതാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
10. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിരന്തരം ഓണ്‍ലൈന്‍ ഷോപ്പിങ്, മൊബൈല്‍ ഷോപ്പിങ് എന്നിവ നടത്തുന്നവര്‍ കാര്‍ഡിന് ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുന്നത് ഉത്തമമായിരിക്കും. ക്രെഡിറ്റ് കാര്‍ഡിന്റെ ക്രെഡിറ്റ് പരിധി വളരെ കൂടുതലുള്ളവരും ഇന്‍ഷുറന്‍സ് എടുക്കുന്നത് നന്നായിരിക്കും.
No comments:
Post a Comment